ഇടിച്ച വാഹനം നിർത്താതെ പോകുന്ന റോഡ് ആക്സിഡന്റ് കേസുകളിൽ നഷ്ടപരിഹാര പദ്ധതി
(1) ഇടിച്ച വാഹനം നിർത്താതെ പോകുന്ന റോഡ് ആക്സിഡന്റ് കേസുകളിൽ ഇരകൾക്ക് ധനസഹായം ലഭിക്കുമോ..?
ലഭിക്കും. ഗുരുതരമായി പരിക്കേറ്റവർക്ക് 50000/- രൂപയും മരിച്ചവരുടെ അവകാശികൾക്ക് രണ്ട് ലക്ഷം രൂപയും കിട്ടും.
ഇടിച്ച വാഹനത്തിന്റെ നമ്പരും മറ്റ് ഡീറ്റെയിൽസും കിട്ടിയില്ലെങ്കിൽ പരിക്കേറ്റവർക്ക്/ മരിച്ചവരുടെ അവകാശികൾക്ക് നഷ്ടപരിഹാരത്തിനായി MACT കേസ് ഫയൽ ചെയ്യുവാൻ കഴിയുകയില്ല. അത്തരം സാഹചര്യങ്ങളിൽ വിക്ടിംസിന് സഹായം നല്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് Hit and Run Compensation scheme.
01/04/2023ലാണ് ഈ സ്കീം നിലവിൽ വന്നിട്ടുള്ളത്.
(2) Hit and Run ധനസഹായം ലഭിക്കുവാൻ എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്..?
അപകടം നടന്ന സ്ഥലപരിധിയിലുള്ള റവന്യൂ ഡിവിഷണൽ ഓഫീസർക്കാണ് (RDO) ആപ്ളിക്കേഷൻ നല്കേണ്ടത്. അതായത് ചെങ്ങന്നൂർ സ്വദേശിക്ക് കോട്ടയത്ത് വച്ച് അപകടം സംഭവിച്ചാൽ കോട്ടയം RDOയ്ക്കാണ് അപേക്ഷിക്കേണ്ടത് അല്ലാതെ ചെങ്ങന്നൂർ റവന്യു ഡിവിഷണൽ ഓഫീസർക്കല്ല എന്ന് ചുരുക്കം.
ഇത്രയും ഡോക്കുമെന്റ്സാണ് അപേക്ഷയോടൊപ്പം നല്കേണ്ടത്,
- Form No. 1 application
- ബാങ്ക് പാസ്ബുക്ക്
- അഡ്രസ് പ്രൂഫ്
- പോലീസ് FIR
- Injury report
- Form no. IV അഫിഡവിറ്റ്
മരണപ്പെട്ട കേസുകളിൽ,
- പോസ്റ്റ്മോർട്ടം റിപ്പോർട്ട്
- മരണ സർട്ടിഫിക്കറ്റ്
- മരിച്ചയാളുടെ ഐഡി പ്രൂഫ്
- അപേക്ഷ നല്കുന്ന അവകാശിയുടെ ഐഡി പ്രൂഫ് എന്നിവ അഡീഷണലായി ഉൾപ്പെടുത്തണം
സാധാരണ ഇൻജുറിക്ക് hit and run ധനസഹായം ലഭിക്കില്ല. ഗുരുതരമായി പരിക്കേറ്റ കേസുകളിൽ മാത്രമേ 50000 രൂപ കോംപൻസേഷൻ ലഭിക്കുകയുള്ളൂ. RDOയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് ധനസഹായം അനുവദിക്കുന്നത്. ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരം മുംബൈയിലുള്ള ജനറൽ ഇൻഷ്വറൻസ് കൗൺസിൽ അപേക്ഷകരുടെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യും. ഇടിച്ച വാഹനം പിന്നീട് കണ്ടെത്തിയാൽ MACT compensation ൽ നിന്ന് അനുവദിച്ച തുക കുറയ്ക്കുന്നതായിരിക്കും. റോഡ് അപകടങ്ങളിൽ പെട്ടവർക്ക് അടിയന്തര ചികിത്സ നല്കുന്നതിനായുള്ള golden hour cashless treatment ലഭിച്ചിട്ടുണ്ടെങ്കിൽ ആ തുകയും hit and run ധനസഹായത്തിൽ നിന്ന് deduct ചെയ്യുന്നതായിരിക്കും. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഒരു വിവരവും കിട്ടിയില്ലെങ്കിലും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപയും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഈ സ്കീം വഴി ലഭിക്കും. അപകടമുണ്ടാക്കിയ വാഹനത്തെ പറ്റി ഒരു വിവരവും കിട്ടാതെ പോയതിനാൽ മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് നഷ്ടപരിഹാരം കിട്ടാതെ നരകിച്ചുപോയ ഒത്തിരി കുടുംബങ്ങൾ നമുക്കിടയിലുണ്ട്. അത്തരം ആക്സിഡന്റ് വിക്ടിംസിന് വലിയൊരു കൈത്താങ്ങും ആശ്വാസവുമാണ് 2023 ഏപ്രിൽ 1ന് നിലവിൽ വന്ന hit and run compensation scheme.